ടെഹ്റാൻ: ചരിത്രപ്രസിദ്ധമായ 1976-ലെ ടെഹ്റാൻ യുഎഫ്ഒ സംഭവത്തിന് 50 വർഷങ്ങൾ തികയാനിരിക്കെ, ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ വീണ്ടും നിഗൂഢ വസ്തുവിനെ കണ്ടതായി റിപ്പോർട്ട്. സെപ്റ്റംബർ 20-ന് ചിത്രീകരിച്ചതെന്ന പേരിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോകളിലാണ് രാത്രിയിൽ ആകാശത്ത് താഴ്ന്ന് പറക്കുന്ന വസ്തു പ്രത്യക്ഷപ്പെട്ടത്.
ടെഹ്റാനിലെ ആസാദെഗാൻ എക്സ്പ്രസ് വേയ്ക്ക് സമീപമാണ് ഈ ദൃശ്യങ്ങൾ ചിത്രീകരിച്ചതെന്ന് സോഷ്യൽ മീഡിയ പോസ്റ്റുകൾ അവകാശപ്പെടുന്നു. എന്നാൽ ഈ വസ്തു ഏതാണെന്നോ, എത്ര ഉയരത്തിതലാണ് പറന്നതെന്നോ ഉള്ള കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ല. ഇറാൻ സൈന്യമോ അധികൃതരോ ഇതുവരെ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.
ഇറാനും അമേരിക്കയ്ക്കും ഇസ്രയേലിനും ഇടയിൽ യുദ്ധസമാനമായ സാഹചര്യവും സംഘർഷവും നിലനിൽക്കുന്നതിനിടെയാണ് ഈ വീഡിയോകൾ പുറത്തുവന്നിട്ടുള്ളത്. കാണപ്പെട്ട വെളിച്ചം സൈനിക ഡ്രോണുകളോ, ഒരുമിച്ച് പറന്ന ഡ്രോൺ കൂട്ടങ്ങളോ ആകാം എന്നാണ് നിഗമനം. അതല്ല, ദൂരത്തുനിന്ന് കാണുമ്പോൾ ലൈറ്റുകൾ ഘടിപ്പിച്ച പട്ടം പോലെ എന്തെങ്കിലും വസ്തു ആകാം ഇതെന്നും ഒരു വിഭാഗം ആളുകൾ കരുതുന്നു.